KSTU 43th STATE CONFERENCE

2022 MAY 8,9,10 MANNARAKKAD


Monday 29 October 2012

പരപ്പനങ്ങാടിയിലും കാസര്‍കോട്ടും സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപക പരിശീലനകേന്ദ്രങ്ങള്‍

കോഴിക്കോട്: സ്‌പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകരുടെ പരിശീലനകേന്ദ്രങ്ങള്‍ പരപ്പനങ്ങാടിയിലും കാസര്‍കോട്ടും തുടങ്ങുമെന്ന് മന്ത്രി അബ്ദുറബ്ബ് പറഞ്ഞു. 'സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ്' (എസ്.ഐ.എം.സി.) മാനസികവെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കള്‍ക്കുവേണ്ടി സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമം വേണം. ഇവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് ലഭിച്ചാല്‍ അടിയന്തര നടപടി സ്വീകരിക്കും. 'സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡി'ന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sunday 28 October 2012

കേന്ദ്ര മന്ത്രിസഭ: തരൂരും കൊടിക്കുന്നിലും ഉള്‍പ്പെടെ 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പുന:സംഘടന: തരൂരും കൊടിക്കുന്നിലും ഉള്‍പ്പെടെ 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള രണ്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു. സംസ്ഥാനത്ത് നിന്നുള്ള ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ 22 മന്ത്രിമാരാണ് രാഷ്ട്രപതിഭവനില്‍ രാവിലെ 11.30ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു.
കെ.റഹ്മാന്‍ ഖാന്‍, ദിന്‍ഷാ പട്ടേല്‍, പള്ളം രാജു, അജയ് മാക്കന്‍, അശ്വിനി കുമാര്‍, ഹരീഷ് റാവത്ത്, ചന്ദ്രേഷ് കുമാരി കഠോജ് എന്നിവര്‍ ക്യാബിനറ്റ് ചുമതലയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മനീഷ് തിവാരിയും ചിരജ്ഞീവിയും സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിമാരായി ചുമതലയേറ്റു. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, താരിഖ് അന്‍വര്‍, കോട്‌ല സൂര്യപ്രകാശ് റെഡ്ഡി, റാണ നാര, രഞ്ചന്‍ ചൗധരി, അബു ഹസന്‍ ഖാന്‍ ചൗധരി, സര്‍വ്വെ സത്യനാരായണ, നിനോംഗ് എറിംഗ്, ദീപ ദാസ്മുന്‍ഷി, ബോറിക ബല്‍റാം നായിക്, കിള്ളി കൃപറാണി, ലാല്‍ചന്ദ് കട്ടാരിയ എന്നിവര്‍ കേന്ദ്രസഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

Saturday 27 October 2012

ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം)

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബര്‍ 31 രാഷ്ട്രീയ സങ്കല്‍പ് ദിവസ് (ദേശീയ പുനരര്‍പ്പണ ദിനം) ആയി ആചരിക്കും. തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കും. പ്രമുഖ വ്യക്തികളും യുവജനനേതാക്കളും നേതൃത്വം നല്‍കുന്ന റാലിയില്‍ ജാതി-മത കക്ഷി രാഷ്ട്രീയ ഭേദമന്യെ പൊതുജനങ്ങള്‍ പങ്കെടുക്കും.
ഒക്ടോബര്‍ 31 ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ 10.17 വരെ മൌനമാചരിക്കും. സര്‍ക്കാരോഫീസുകളിലെ ജീവനക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപക-അനധ്യാപക ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒത്തുചേര്‍ന്ന് രണ്ട് മിനിട്ട് മൌനമാചരിക്കണം.
മൌനാചരണത്തിനുശേഷം ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. ഓരോ ജില്ലയിലും പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ജില്ലാ കളക്ടര്‍മാരായിരിക്കും.
സംസ്ഥാനതല പരിപാടി സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കും. തിരുവനന്തപുരമുള്‍പ്പെടെ നഗരസഭകളിലും ടൌണുകളിലും 10.15 നും 10.17 നും പോലീസ് വെടിയൊച്ച മുഴക്കും.
സൈറനുകളുള്ള സ്ഥലങ്ങളില്‍ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയും സൈറണ്‍ മുഴക്കും. ഒക്ടോബര്‍ 31 ന് 10.15 മുതല്‍ 10.17 വരെ രണ്ട് മിനുട്ട് നേരം ഗതാഗതവും നിര്‍ത്തിവെയ്ക്കും.

ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചുവടെ.
"രാഷ്ട്രത്തിന്റെ സ്വാതന്ത്യ്രവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവമൂലമുള്ള ഭിന്നതകളും തര്‍ക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു "

Tuesday 23 October 2012

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ വേദി മാറ്റി. ജനവരി 14 മുതല്‍ 20 വരെ മലപ്പുറത്തായിരിക്കും ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന ഖ്യാതിയുള്ള സ്‌കൂള്‍ കലോത്സവം നടക്കുക. മലപ്പുറം എം.എസ്.പി. ഗ്രൗണ്ടായിരിക്കും പ്രധാനവേദി.

Wednesday 10 October 2012

മാനസിക വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്ന സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍മാര്‍ക്കായി ശില്പശാല ഒക്ടോബര്‍ 18 ന്

മാനസിക വെല്ലുവിളി നേരിടുന്നവരെ പരിശീലിപ്പിക്കുന്ന സ്പെഷ്യല്‍ എജ്യൂക്കേറ്റര്‍മാര്‍ക്കായി ശില്പശാല നടത്തുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ തിരുവനന്തപുരം പാങ്ങപ്പാറയില്‍ സി.എച്ച്.മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലീ ചാലഞ്ച്ഡ് (എസ്.ഐ.എം.സി.) ന്റെ നേതൃത്വത്തിലാണ് ശില്പശാല. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള സ്കൂളുകളിലെ 100 സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ ഒക്ടോബര്‍ 18, 19, 20 തീയതികളില്‍ തിരുവനന്തപുരം ശ്രീകാര്യത്തുളള മറിയാറാണി സെന്ററില്‍ ശില്പശാലയില്‍ പങ്കെടുക്കും. സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ മേഖലയില്‍ അന്തര്‍ദേശീയ പ്രശസ്തനായ വിദഗ്ധനും മാനസിക വെല്ലുവിളികളുളളവര്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രീയ വിദ്യാഭ്യാസ പദ്ധതിയായ മദ്രാസ് ഡവലപ്പ്മെന്റ് ആന്റ് പ്രോഗ്രാമിങ് സിസ്റം (എം.ഡി.പി.എസ്) തയ്യാറാക്കിയ പ്രൊഫസര്‍ പി.ജയചന്ദ്രനാണ്, മൂന്നു ദിവസത്തെ ശില്പശാല നയിക്കുന്നത്. വ്യക്ത്യാതിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയും യോഗയും എന്നതാണ് ശിലപശാലയില്‍ അവതരിപ്പിക്കുന്ന മുഖ്യവിഷയം. ശില്പശാലയുടെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ.അബ്ദുറബ്ബ് രാവിലെ പത്ത് മണിക്ക് നിര്‍വ്വഹിക്കും.

വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍ , ആനിമേഷന്‍ സിനിമാ മത്സരങ്ങള്‍


ഊര്‍ജ സംരംക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം എന്ന വിഷയത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.സി. സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ട്ടൂണ്‍, ആനിമേഷന്‍ സിനിമാ നിര്‍മാണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കാര്‍ട്ടൂണോ ഒരു മിനുട്ടു മുതല്‍ രണ്ട് മിനുട്ട് വരെ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ സിനിമയോ മത്സരത്തിലേക്കായി അയയ്ക്കാം. വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭിക്കും, ആഗോളതാപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു, ആഗോളതാപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ 
ആശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും 
ആക്ഷേപഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന. കലാസൃഷ്ടികള്‍ ഹെഡ്മാസ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ സാക്ഷ്യപത്രത്തോടുകൂടി ഐ.ടി.അറ്റ് സ്കൂളിന്റെ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ഒക്ടോബര്‍ 22ന് മുമ്പ് ലഭിക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും. കൂടാതെ എല്ലാ എ, ബി., സി. ഗ്രേഡുകാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. ആനിമേഷന്‍ സിനിമാ മത്സര വിഭാഗത്തില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആനിമേഷന്‍ സിനിമാ നിര്‍മാണ ക്യാമ്പ് നടത്തും. ക്യാമ്പില്‍ നിര്‍മിക്കുന്ന സിനിമകള്‍ വിക്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യും. മികച്ച സിനിമകള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസംബര്‍ 14ന് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും സൃഷ്ടികള്‍ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.

Monday 8 October 2012

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍: മന്ത്രി അബ്ദുറബ്ബ്


പുസ്തകസഞ്ചിയുടെ ഭാരത്തില്‍ നിന്നും വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പദ്ധതി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ത്രിതല പഞ്ചായത്തുകളും പി.ടി.എകളുമായി സഹകരിച്ച് ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 
എറണാകുളം ജില്ലയിലെ സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് ആവിഷ്‌കരിച്ച ടെക് വിദ്യ @ സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കാനായാല്‍ പാഠഭാഗങ്ങള്‍ അതില്‍ പകര്‍ത്താന്‍ കഴിയും. 
സ്‌കൂള്‍ സമയത്തിന് ശേഷം അധ്യാപകരുമായുള്ള ആശയവിനിമയത്തിനും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പ്രയോജനപ്പെടുത്താനാകും. വിപ്ലവകരമായ മാറ്റമാണ് വിദ്യാഭ്യാസരംഗത്ത് ഇതിലൂടെ സംജാതമാകുക. ഈ പദ്ധതി നടപ്പാക്കുന്നതിന് കെല്‍ട്രോണും സ്വകാര്യ ഏജന്‍സികളും സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ആറായിരം മുതല്‍ പതിനായിരം രൂപ വരെ വില വരുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി സര്‍ക്കാരിന് മാത്രമായി നടപ്പാക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ത്രിതല പഞ്ചായത്തുകളുടെയും പി.ടി.എ.കളുടെയും സഹായം തേടുന്നത് - മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഒരു ക്ലാസ് മുറിയെങ്കിലും സ്മാര്‍ട്ട് ക്ലാസ് റൂമാക്കുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിലാണ്. പടിപടിയായി മുഴുവന്‍ ക്ലാസ് മുറികളെയും ഈ നിലവാരത്തിലേക്കുയര്‍ത്തും. കമ്പ്യൂട്ടറും വിവരസാങ്കേതികവിദ്യയും വിജ്ഞാനസമ്പാദനത്തിനുള്ള പുതിയ ഉപാധികളെന്ന നിലയില്‍ പൂര്‍ണപ്രയോജനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകണം. പുസ്തകരഹിതമായ ക്ലാസ്മുറികള്‍ എന്ന നിലയിലേക്കാണ് വിദ്യാലയങ്ങളില്‍ വിവരസാങ്കേതികവിദ്യയുടെ ഉപയോഗം വികസിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ വേഗത്തില്‍ സ്വായത്തമാക്കുന്നതില്‍ കുട്ടികള്‍ ഏറെ മുന്നിലാണെന്ന് സ്‌കൂളുകള്‍ക്കുള്ള കമ്പ്യൂട്ടര്‍ വിതരണം നിര്‍വഹിച്ച സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഈ സാങ്കേതികമുന്നേറ്റത്തിന്റെ ദുരുപയോഗം തടയുകയാണ് അധ്യാപകരും മാതാപിതാക്കളും നേരിടുന്ന വെല്ലുവിളി. വിജ്ഞാനസമ്പാദനത്തിന് ഗുണകരമായ രീതിയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ബോധവല്‍ക്കരണം സ്‌കൂളുകളില്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പഞ്ചായത്തിന്റെ വിദ്യാഭ്യാസ വെബ്‌സൈറ്റ് ഉദ്ഘാടനം ബെന്നി ബഹന്നാന്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂളുകള്‍ക്കുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഓപ്പറേറ്റിങ് സിസ്റ്റം സി.ഡികളുടെ വിതരണവും നടന്നു. എറണാകുളം ജില്ല പഞ്ചായത്തിന് കീഴിലുള്ള ഹൈസ്‌ക്കൂളുകളില്‍ എല്‍.പി, യു.പി വിഭാഗങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിവര സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുന്നതിനാണ് ടെക് വിദ്യ @ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. 1,10,14,443 രൂപ ചെലവില്‍ കെല്‍ട്രോണ്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്തിന് കീഴിലുള്ള 53 സ്‌കൂളുകളിലേക്കായി 140 ഡെസ്‌ക് ടോപ്പുകള്‍, 221 ലാപ്‌ടോപ്പുകള്‍, 91 മള്‍ട്ടി മീഡിയ പ്രൊജക്ടറുകള്‍, 52 മള്‍ട്ടി ഫങ്ഷണല്‍ മോണോ ലേസര്‍ പ്രിന്ററുകള്‍ എന്നിവയാണ് ലഭ്യമാക്കുന്നത്. അഞ്ചു വര്‍ഷത്തെ പദ്ധതി പൂര്‍ത്തീകരിക്കുന്നതിലൂടെ ജില്ല പഞ്ചായത്തിന് കീഴിലുള്ള 53 സര്‍ക്കാര്‍ സ്‌കൂളുകളിലും എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റല്‍ പ്രൊജക്ടര്‍, ഓഡിയോ സംവിധാനം, ഇന്റര്‍നെറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചാനലായ വിക്‌ടേഴ്‌സ്, ജനറേറ്റര്‍ എന്നിവ ലഭ്യമാകും. പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഉപയോഗപ്പെടുത്താനാകുന്ന ഡിജിറ്റല്‍ പഠനോപാധികള്‍, റഫറന്‍സ് സി.ഡികള്‍ എന്നിവയും ക്ലാസ് മുറികളുടെ ഭാഗമാകും. അടുത്ത അധ്യയന വര്‍ഷം എട്ടാം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഇ ടെക്സ്റ്റ് ബുക്കുകള്‍ ഇ ബുക്ക് റീഡറില്‍ ഉള്‍പ്പെടുത്തി സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതിയും ജില്ല പഞ്ചായത്തിന്റെ പരിഗണനയിലുണ്ടെന്ന് എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ. സോമന്‍, ബാബു ജോസഫ്, സാജിത സിദ്ദിഖ്, ഐ.ടി @ സ്‌കൂള്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരി, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ലീനസ്, എം.ജെ. ടോമി, പി.എ. ഷാജഹാന്‍, എം.ബി സ്യമന്തഭദ്രന്‍, അനുമോള്‍ അയ്യപ്പന്‍, ചിന്നമ്മ വര്‍ഗീസ്, ജെസി സാജു, ഹയര്‍ സെക്കണ്ടറി മേഖല ഡപ്യൂട്ടി ഡയറക്ടര്‍ സെബന്നിസ ബീവി, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.ഡി. മുരളി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അസി. ഡയറക്ടര്‍ ലിജി ജോസഫ്, കുറുപ്പംപടി ഡയറ്റ് പ്രിന്‍സിപ്പല്‍ വി. മുരളീധരന്‍, എസ്.എസ്.എ ജില്ല പ്രൊജക്ട് ഓഫീസര്‍ എം.കെ. ഷൈന്‍മോന്‍, ജോസഫ് ആന്റണി, ജില്ല പഞ്ചായത്ത് സെക്രട്ടറി എം.എസ്. അബ്ദുള്‍ കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസത്തില്‍ വിവരസാങ്കേതികവിദ്യയുടെ പങ്ക് എന്ന വിഷയത്തില്‍ വി.കെ. ആദര്‍ശ് പ്രഭാഷണം നടത്തി.

Thursday 4 October 2012

ഉച്ചഭക്ഷണപദ്ധതി - പുതുമാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍

പുതിയ നൂണ്‍ ഫീഡിംഗ് ഉത്തരവിന് ഇവിടെ ക്ലിക്ക് ചെയ്യുക 

1. കണ്ടിന്‍ജന്റ്റ്  ചാര്‍ജ്  വര്‍ധിപ്പിച്ചു -(1)150 കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ കുട്ടി ഒന്നിന് 5 രൂപയും, 150 രൂപ പാചകക്കൂലിയും. (2) 151 മുതല്‍ 500 കുട്ടികള്‍ വരെയുള്ള സ്കൂളുകളില്‍ 6 രൂപ , പാചകക്കൂലി ഉള്‍പ്പെടെ. (3) 501 ന് മുകളിലുള്ള സ്കൂളുകളില്‍ 500  വരെ 6 രൂപയും 500 നു മുകളില്‍ 5 രൂപയും, പാചകക്കൂലി ഉള്‍പ്പെടെ.

2. 100 മുതല്‍ 350 വരെ കുട്ടികളുള്ള സ്കൂളുകളില്‍ പാചകതൊഴിലാളിയുടെ കൂലി കുറയുന്നു. (12.50 രൂപ വരെ ഒരു ദിവസം കുറവ് വരാം)

3. ഓരോ മാസത്തെയും മെനു മാസാരംഭത്തില്‍ നൂണ്‍ ഫീഡിംഗ് കമ്മിറ്റി തയ്യാറാക്കണം

4. പലവ്യഞ്ജനങ്ങള്‍ മാവേലിയില്‍ നിന്നും പാല്‍ മില്‍മയില്‍ നിന്നും വാങ്ങുന്നതിനു മുന്‍ഗണന നല്‍കണം.  നൂണ്‍  ഫീഡിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം മറ്റിടങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.

5. കുട്ടികള്‍ക്കാവശ്യമായ ഭക്ഷണത്തിന്‍റെ അളവ് എത്രയെന്നു വിശദീകരിക്കുന്നു. (അരി 100ഗ്രാം, പയറുവര്‍ഗ്ഗം 20 ഗ്രാം, പച്ചക്കറി 50ഗ്രാം, എണ്ണ,കൊഴുപ്പ് 5 ഗ്രാം).   പ്രാദേശികസാഹചര്യം, ഫണ്ട്‌ ലഭ്യത എന്നിവ കണക്കാക്കി ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പുവരുത്തുന്ന രീതിയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിനു നൂണ്‍ ഫീഡിംഗ് കമ്മിറ്റിക്ക് തീരുമാനങ്ങള്‍  കൈക്കൊള്ളം.

6. ഭക്ഷണങ്ങള്‍ വൈവിധ്യവല്ക്കരിക്കണം.

7. സാധനസാമഗ്രികളുടെ സ്റ്റോക്ക്‌ രജിസ്റ്റര്‍, ചെലവായ തുകയുടെ സ്റ്റേറ്റ്മെന്‍റ്, മുട്ടയും പാലും വിതരണം ചെയ്യുന്നതിന്‍റെ  രജിസ്റ്റര്‍ എന്നിവ  കൂടുതലായി  വേണം.

8. ഓരോ മാസവും ചെലവായ തുകയുടെ സ്റ്റേറ്റ്മെന്‍റ്, മെനു എന്നിവ നൂണ്‍ ഫീഡിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെ അടുത്ത മാസം 15 നു മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു നല്‍കണം.

9. ഉച്ചഭക്ഷണപദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിക്കുന്നതിന് പരാതിപ്പെട്ടി സ്ഥാപിക്കണം.

10. 500 ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ നൂണ്‍ ഫീഡിംഗ് കമ്മിറ്റിയില്‍ 4 അധ്യാപകപ്രതിനിധികലളെങ്കിലും ഉണ്ടാകണം.
--------------------------------------------------------------------
മറ്റു നിര്‍ദ്ദേശങ്ങളില്‍ ചിലത്.
1. നൂണ്‍ മീല്‍ ലോഗോ, മെനു എന്നിവ പ്രദര്‍ശിപ്പിക്കണം.

2. സോപ്പുപയോഗിച്ച് കൈ കഴുകുന്നതിന്നുള്ള സംവിധാനം ഒരുക്കണം.

3. കുടിക്കുന്നതിന് തിളപ്പിച്ചാറിയ വെള്ളം ലഭ്യമാക്കണം.

4. ഒരു മാസത്തേക്കുള്ള തുകയുടെ 25% ത്തില്‍ കൂടാത്ത തുക മാത്രമേ ബാങ്കില്‍ നിന്നും മുന്‍കൂറായി പിന്‍വലിക്കാന്‍ പാടുള്ളൂ.

5. നൂണ്‍ ഫീഡിംഗ് അക്കൗണ്ട്‌ രജിസ്റ്റര്‍ നിര്‍ദ്ധിഷ്ടഫോര്‍മാറ്റില്‍ എഴുതിസൂക്ഷിക്കണം.

6. പ്രാദേശിക സഹായത്തോടെ പ്രഭാതഭക്ഷണം,ലഘുഭക്ഷണം എന്നിവയോടുകൂടി വൈവിധ്യമാര്‍ന്ന തരത്തില്‍ ഭക്ഷണവിതരണം നടത്താന്‍ ശ്രമിക്കണം.

7. മാസം തോറും നൂണ്‍ ഫീഡിംഗ് കമ്മിറ്റി ചേരണം.

അധ്യാപകയോഗ്യതാ പരീക്ഷാ (ടെറ്റ്) ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് ആദ്യമായി നടത്തിയ അധ്യാപക യോഗ്യതാ പരീക്ഷയില്‍ 8000 പേര്‍ വിജയിച്ചതായി പരീക്ഷാ കമ്മീഷണറും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായ എ.ഷാജഹാന്‍ അറിയിച്ചു. എല്‍.പി വിഭാഗത്തില്‍ പരീക്ഷയെഴുതിയ 41610 പേരില്‍ 3946 പേരും (9.48 ശതമാനം) യു.പി. വിഭാഗത്തില്‍ പരീക്ഷ എഴുതിയ 58375 പേരില്‍ 2447 പേരും (4.19 ശതമാനം) ഹൈസ്കൂള്‍ വിഭാഗത്തില്‍ 50662 പേരില്‍ 1607 പേരും (3.17 ശതമാനം) വിജയിച്ചു. കാറ്റഗറി ഒന്നില്‍ 43561, ര”ില്‍ 62840, മൂന്നില്‍ 55460 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്തത്. 2012 ഓഗസ്റ് 25, 27 സെപ്റ്റംബര്‍ ഒന്ന് എന്നീ ദിവസങ്ങളിലാണ് പരീക്ഷ നടന്നത്.

 ഓരോ പരീക്ഷാര്‍ത്ഥിക്കും ലഭിച്ച മാര്‍ക്ക്http://www.results.itschool.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. 

ആദ്യ ടെറ്റില്‍ 80%ത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് ഇരുപതിനായിരം രൂപ വീതം ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ് അധ്യക്ഷനായ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചു. ജിതിന്‍ജിത്ത്. പി.എ (വയനാട്), ആന്‍മേരി ജോയ് (കോട്ടയം), മിനു. ജി.എസ് (തിരുവനന്തപുരം) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ഓരോ കാറ്റഗറിയിലും ആദ്യ മൂന്ന് സ്ഥാനം നേടിയ പരീക്ഷാര്‍ത്ഥികളുടെ വിവരം ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു. എല്‍.പി. - ജിതിന്‍രാജ് പി.എ (വയനാട്), ജോമേഷ് വര്‍ഗീസ് (എറണാകുളം), സവിത സി.കെ. (മലപ്പുറം) യു.പി. - അര്‍ജുന്‍ പി. (പാലക്കാട്), സെറീന പി.എ. (എറണാകുളം), വിനീത എം.എ. (കോഴിക്കോട്) ഹൈസ്കൂള്‍ - ആന്‍മേരി ജോയ് (കോട്ടയം), മിനു ജി.എസ്. (തിരുവനന്തപുരം), ജയശ്രീ പി. (കോഴിക്കോട്) 

കെ-ടെറ്റ് പരീക്ഷ വിജയിച്ചവര്‍ക്ക് വിജ്ഞാപനത്തില്‍ നിഷ്കര്‍ഷിച്ചിരുന്ന പ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ പരിശോധനയ്ക്കായി പരീക്ഷാ സെന്റര്‍ സ്ഥിതിചെയ്യുന്നിടത്തെ ജില്ലാ വിദ്യാഭ്യാസ ആഫീസര്‍മാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സമര്‍പ്പിക്കേണ്ട തീയതി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും അറിയിക്കും. വിശദവിവരങ്ങള്‍www.prd.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

Wednesday 3 October 2012

സ്കൂള്‍ കലോല്‍സവം തിരൂരങ്ങാടിയില്‍; കായികമേള തിരുവനന്തപുരത്ത്

img
സംസ്ഥാന സ്കൂള്‍ കലോല്‍സവം ജനുവരി 14 മുതല്‍ 20 വരെ തിരൂരങ്ങാടിയില്‍ നടക്കും. ശാസ്ത്രമേള   നവംബര്‍ 16 മുതല്‍ 20 വരെ കോഴിക്കോടാണ് നടക്കുക. സ്കൂള്‍ കായികമേള ഡിസംബര്‍ 4 മുതല്‍ 7 വരെ തിരുവനന്തപുരത്ത്.